Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

ജാലകം
Saturday 16 February, 2013

മലയാള കവിതയിലെ വിനയചന്ദ്രിക

മലയാള കവിതയിലെ വിനയചന്ദ്രിക 
------------------------------------------------------
കുരീപ്പുഴ  ശ്രീകുമാര്‍

മലയാള കവിത, പതാക പകുതി താഴ്ത്തിക്കെട്ടിയിരിക്കുന്നു. കാവ്യരാജ്യത്തിലെ കറുത്തരാജകുമാരന്‍ ഡി വിനയചന്ദ്രന്റെ വേര്‍പാടില്‍, കവിത, ഘനീഭവിച്ച ദുഃഖത്തോടെ തലകുനിച്ചു നില്‍ക്കുന്നു.

അരനൂറ്റാണ്ടുകാലം മലയാള കവിത വിനയചന്ദ്രനോടൊപ്പം ലോകസഞ്ചാരം നടത്തി. ഏകാകിയായ ഭൂമിയോടൊപ്പം സഞ്ചരിക്കുന്ന ഓക്‌സിജന്‍ കൂട്ടുപോലെ.

യാത്രപ്പാട്ടില്‍ കല്ലടയാറിന്റെ തീരഗ്രാമം വിട്ടുപോയ വിനയചന്ദ്രന്‍ വിശ്വഗ്രാമങ്ങള്‍ സഞ്ചരിക്കുകയായിരുന്നു. വിനയചന്ദ്രന്‍ ഒറ്റയ്ക്ക് ആയിരുന്നോ? അങ്ങനെയെങ്കില്‍ സ്വയം തെരഞ്ഞെടുത്ത ഒറ്റപ്പെടല്‍ പഠിച്ച് ലോകത്തിനു തന്ന സന്ദേശം ഒറ്റക്കിരിക്കാതെ കൂട്ടുകാരാ തിരവറ്റിയാലും തീരുകില്ലാ ദുരിതങ്ങള്‍ എന്നായിരുന്നല്ലോ.

വീട്ടിലും നാട്ടിലും കാണാതായ കുഞ്ഞനുണ്ണി സൂര്യനായിട്ടും കുഞ്ഞും കൂട്ടുമില്ലാത്ത കൂന്തച്ചേച്ചി പിറവിയുടെ തുടിപ്പായിട്ടും മാറുന്നതിനാല്‍ ദുഃഖഭവനത്തിലെ സ്ഥിരവാസക്കാരന്‍ ആയിരുന്നില്ല വിനയചന്ദ്രന്‍.

കാടിനു സ്വന്തം പേരിടുമെന്ന്, വനസ്‌നേഹികളെക്കൊണ്ട് ചൊല്ലിച്ച വിനയചന്ദ്രന്‍ കോലങ്ങളില്‍ മംഗളം പറഞ്ഞിരുന്നതിനാല്‍ ഇടപെട്ടു പിന്‍വാങ്ങുന്ന കടമയുടെ കായലിലേയ്ക്ക് ഒഴുകുകയായിരുന്നല്ലോ .

മഹാകവി ചങ്ങമ്പുഴയുടെ രമണനിലൂടെ സ്വന്തം വാദ്യം വായിച്ചുസഞ്ചരിച്ച വിനയചന്ദ്രന്‍ അപരിചിതമാതൃകകള്‍ തീര്‍ക്കുകയായിരുന്നു. ഒരു കല്ലടക്കാരന്റെ പരിമിതികളില്‍ നിന്ന് സമയമാനസത്തിന്റെ അനന്തതയിലേയ്ക്ക്, ആരും ആദ്യം ശ്രദ്ധിക്കാത്ത ചരിത്രത്തില്‍ നിന്നും കായിക്കരയും കടന്നുള്ള കടലിലേയ്ക്ക് അദ്ദേഹം യാത്ര ചെയ്തു.

ഹിമാലയത്തിലും നയാഗ്രാപരിസരത്തും ബോധ്ഗയയിലും കന്യാകുമാരിയിലും ഘാനയിലും സിംഗപ്പൂരിലുമെല്ലാം ആ ലോഹശബ്ദം മുഴങ്ങിക്കേട്ടു. അപ്പോഴെല്ലാം ദേശിംഗനാടിന്റെ കരടിക്കുട്ടിയെ അദ്ദേഹം കൊണ്ടു നടന്നു.

പ്രണയത്തിന്റെ പൂമരങ്ങള്‍ നിരവധി നട്ടുവളര്‍ത്തിയ വിനയചന്ദ്രകവിത ലൈംഗികതയുടെ ജീവസ്പര്‍ശവും രേഖപ്പെടുത്തി. രതിയുടെ സുകൃത വികൃതസമയന്വയം ആ കവിതയില്‍ വാസ്തവത്തിന്റെ കിടപ്പുമുറി തുറന്നു.

കേരളീയതയില്‍ ഉറച്ചുനിന്നു കൊണ്ടാണ് ഡി വിനയചന്ദ്രന്‍ ലോക സാഹിത്യത്തിന്റെ വിസ്മയാകാശത്തേക്കു നോക്കിയത്. ഓരോ രചനയിലും ഒന്നിനൊന്നു വ്യത്യസ്തത പുലര്‍ത്തിയപ്പോഴും അന്തര്‍ധാരയായി ഒളിഞ്ഞും തെളിഞ്ഞും കേരളീയത മുഖം കാട്ടി. കൃഷിക്കാരന്റെ പാളത്തൊപ്പി ഈ കവിക്ക് സ്വര്‍ണ കിരീടമായി.

ആര്‍പ്പുവിളിക്കുന്ന കവിയായിരുന്നു ഡി വിനയചന്ദ്രന്‍. കവിയരങ്ങുകളിലെ ജനസാന്നിദ്ധ്യം ഹൃദയത്തോടിണങ്ങിയെന്നു തോന്നിയാല്‍ ആകാശം ഭേദിക്കുമാറ് അദ്ദേഹം ആര്‍പ്പോയ് എന്നു വിളിച്ചിരുന്നു. ജനങ്ങള്‍ ഇര്‍റോ വിളിച്ച് ആഹ്ലാദത്തോടെ ഒപ്പം കൂടി കവിതക്കൂട്ടം പൂര്‍ണമാക്കിയിരുന്നു.

അദ്ദേഹത്തിന്റെ വാത്സല്യമനുഭവിച്ച ശിഷ്യ കവികള്‍ ധാരാളമാണ്. ചങ്ങമ്പുഴ കവിതപോലെ ശത്രുപക്ഷ വിമര്‍ശനങ്ങള്‍ക്കും വിനയചന്ദ്രകവിത വിധേയമായി. 

സ്വന്തം കവിതകള്‍ക്കപ്പുറത്ത്, എം എന്‍ പാലൂരിന്റെ ഉഷസ്സും വൈലോപ്പിള്ളിയുടെ ലില്ലിപ്പൂക്കളും കടമ്മനിട്ടയുടെ ഭാഗ്യശാലികളും വിനയചന്ദ്ര ശൈലിയിലൂടെ ഒഴുകിവരുന്നത് കേള്‍ക്കാന്‍ എന്തൊരിമ്പമായിരുന്നു. 

ബാലചന്ദ്രന്‍ ചുള്ളിക്കാട് അടക്കമുള്ള നിരവധി പിന്‍തലമുറക്കാരെ അദ്ദേഹത്തിന്റെ രചനാരീതി സ്വാധീനിച്ചു.

ആസ്തിക നാസ്തിക പക്ഷങ്ങളില്‍ മാറിയും തിരിഞ്ഞും ഡി വിനയചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടു. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ സക്കറിയയും മറ്റും ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ കവിതയാണ് പ്രധാനമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. 

അതെ, മലയാളത്തിന് ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന നിരവധി കവിതകള്‍ തന്ന ഈ കുഞ്ഞനുണ്ണിയുടെ മതവും ജാതിയും ദൈവവും ചെകുത്താനും ഇതിനൊക്കെ അതീതമായ സ്‌നേഹസാന്നിധ്യവും കവിതയായിരുന്നു.
(ജനയുഗം 2013ഫെബ്രുവരി 16)

ഡി.വിനയചന്ദ്രന്റെ ഉപ്പിലിട്ട വകകള്‍ എന്ന കവിത ബഹുമാനപ്പെട്ട ഉപ്പ്, അമ്പഴങ്ങ ,കടുമാങ്ങ, ഇലിമ്പിപുളി ,കാന്താരിമുളക്,പച്ചക്കുരുമുളക്,വെളുത്തുള്ളി,പുളിയിഞ്ചി,തുടങ്ങിയവയ്ക് സമര്‍പ്പിക്കുന്നു.
കവിതയുടെ ഒരു ഭാഗം:
ഞാന്‍ തൊടുമ്പോള്‍
നിന്റെ മതില്‍ അപ്രത്യക്ഷമാകു
മെങ്കില്‍
നമുക്ക് ആരാമമാകാം
നിനക്ക് എന്നെ ഉപേക്ഷിക്കാന്‍
തോന്നുന്നുണ്ടെങ്കില്‍
മതിലിനു പുറത്താക്കുക
അല്ലെങ്കില്‍ നമുക്ക് ഇടിമിന്നല്‍ ആകാം
അത് ഒരു ജലമേഘം സൃഷ്ടിക്കും.
( മലയാളം വാരിക.)


 പെയ്തു തീരാത്ത പ്രണയവും
കൊടുത്തു തീര്‍ക്കാത്ത സ്നേഹവും
പറഞ്ഞു തീരാത്ത കഥകളും വിട്ടു
സമസ്ഥ കേരളം പി ഓ
എന്നാ വിലാസം ഉപേക്ഷിച്ചു
ആ ഏകാന്ത യാത്രികന്‍ പോയി.
വീട്ടിലേക്കെന്നു പോകുന്നു എന്ന്
കൂട്ടുകാര്‍ക്ക് ചോദിക്കാന്‍ ഇനി വിനയചന്ദ്രന്‍ മാഷില്ല.
കലണ്ടറില്‍ ഇനി ചൂട്ടു കത്തിച്ചു കിടക്കുന്ന അവധികളില്ല
കൂട്ടുകിടക്കുന്ന പുസ്തകക്കൂട്ടങ്ങള്‍ ഇനി ആര് വായിക്കും.
മുറ്റത്തെ തൈമുല്ല ആര്‍ക്കു വേണ്ടിപൂവിടും.
പടിവാതില്‍ക്കല്‍ പറന്നു മറയുന്ന കൊച്ചരിപ്പ്രാവ്
ആര്‍ക്കായി ചിറകു വിടര്‍ത്തും.
അമ്മയില്ലാത്തവര്‍ക്ക് ഇതു വീട് ഇല്ലില്ല വീട്
എങ്ങെങ്ങുമെ വീട് എന്ന് യാത്രാമൊഴിചൊല്ലി
നരകത്തെ കൊണ്ട് പോലും പ്രണയ കവിത ചൊല്ലിച്ച
ഭൂമിയുടെ നട്ടെല്ലില്‍ മന്ദാരത്തിന്റെ ഇലപ്പച്ച കൊണ്ട്
കൂടു കെട്ടി പാര്‍ത്ത ആ നാദം നിലച്ചു.
പ്രണാമം പ്രിയ കവേ.

http://www.istream.com/tv/watch/186275/D-Vinayachandran-recites-Vinaya-Chandrika

http://www.ask.com/web?o=APN10113cr&l=dis&qsrc=2871&q=veettilekkulla+vazhi++d+vinayachandran&gct=bar

www.istream.com
In this edition of Kavya Kairali segment, watch renowned poet D Vinayachandran r...



സ്നേഹം കൊണ്ട്  ഒരു ഓര്‍മ്മ 

7 comments:

Unknown said...

പ്രണാമം പ്രിയ മര കാവേ

ajith said...

വിനയചന്ദ്രിക തന്നെ

Echmukutty said...

കവിതകള്‍ വായിച്ച പരിചയം ... മൂന്നോ നാലോ തവണ നേരിട്ട് കണ്ട പരിചയം....

ആദരാഞ്ജലികള്‍.

maharshi said...

വിനയന്‍ ചന്ദ്രന്‍ മാഷ്‌ തൊണ്ട തുറന്നു പാടിയത് പ്രകൃതിയുടെ വിലാപമാണ്‌,ആ വിലാപത്തിന്റെ തുടര്‍ച്ച നിങ്ങള്‍ കവികളില്‍ നിന്നും ആകട്ടെ

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രകൃതിയുടെ അവസ്ഥകൾ കണ്ട് വിലപിച്ച കവി..

ആസ്തിക നാസ്തിക പക്ഷങ്ങളില്‍ മാറിയും തിരിഞ്ഞും ഡി വിനയചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടു. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ സക്കറിയയും മറ്റും ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍
കവിതയാണ് പ്രധാനമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

Pradeep Kumar said...

ആദരാഞ്ജലികൾ....

ഭാനു കളരിക്കല്‍ said...

പ്രിയ കവിയ്ക്ക് ആദരാഞ്ജലികൾ ...