Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

ജാലകം
Monday 28 November, 2011

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍
ശശിധരന്‍ മങ്കത്തില്‍



മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്തുകൊണ്ട് സുരക്ഷിതമല്ല എന്ന കാര്യം ഒറ്റനോട്ടത്തില്‍ പരിശോധിക്കാം.

1. 2011-ല്‍ പഴക്കം 115 വര്‍ഷം
2. നിര്‍മിച്ചത് കരിങ്കല്ലും ചുണ്ണാമ്പും സുര്‍ക്കിയും കൊണ്ട്
3. സുര്‍ക്കിയില്‍ പണിതതില്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു വലിയ അണക്കെട്ട്
4. ഡ്രെയിനേജ് ഗാലറികളില്ല (വെള്ളത്തിന്റെ സമ്മര്‍ദം കൂടും)
5. കണ്‍സ്ട്രക്ഷന്‍ ജോയന്റുകളില്ലാതെ അണക്കെട്ട് ഒറ്റ ബ്ലോക്കാണ് (വിള്ളലും പൊട്ടലും വ്യാപിക്കാന്‍ സാധ്യത)
6. വെള്ളത്തിന്റെ സമ്മര്‍ദം കണക്കിലെടുക്കാതെ നിര്‍മിച്ചത്. സ്പില്‍വേകള്‍ ആവശ്യത്തിനില്ല.
7. സുര്‍ക്കിയും ചുണ്ണാമ്പും അടര്‍ന്ന് ഒലിച്ചുപോയി പലയിടത്തും പൊട്ടലുകള്‍
8. തുടക്കം മുതല്‍തന്നെ ചോര്‍ച്ച. 1922, 1928-35, 1961-65 കാലത്ത് സിമന്റ് ചാന്തുകൊണ്ട് ചോര്‍ച്ച അടച്ചു
9. പ്രതിവര്‍ഷം 30.4 ടണ്‍ എന്ന തോതില്‍ 50 വര്‍ഷത്തിനിടയില്‍ 1500 ടണ്ണിലധികം സുര്‍ക്കി ഒലിച്ചുപോയി
10. ഭൂകമ്പ സാധ്യതാ പഠനം നടത്തിയിട്ടില്ല
11. അണക്കെട്ട് ഉടുമ്പഞ്ചോല, കമ്പം ഭ്രംശമേഖലകള്‍ സംഗമിക്കുന്ന സ്ഥലത്തായതിനാല്‍ ഭൂകമ്പ സാധ്യത കൂടുതലാണ്
12. ബേബി ഡാം സ്ഥിതിചെയ്യുന്നത് ഭ്രംശ മേഖലയില്‍ (അടിയിലൂടെ ചോര്‍ച്ച രൂക്ഷം.) ഡാം ഇതേവരെ ബലപ്പെടുത്തിയിട്ടില്ല.
13. അടുത്തകാലത്ത് ഇടുക്കി. കോട്ടയം ജില്ലകളിലുണ്ടായ ഭൂചലനങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നു
14. പെരിയാര്‍ നദി ഒഴുകുന്നതുതന്നെ ഭ്രംശ മേഖലയിലൂടെ
15. അണക്കെട്ടിനെ നിരീക്ഷക്കുന്നില്ല. സ്ഥാപിച്ച ഉപകരണങ്ങള്‍ നശിച്ചു
16. സമ്മര്‍ദം കുറക്കാന്‍ ജലനിരപ്പ് 136 അടിയാക്കി നിജപ്പെടുത്താനും സ്പില്‍വേകള്‍ കൂട്ടാനും 1979ല്‍ കേന്ദ്ര ജല കമ്മീഷന്‍ നിര്‍ദേശം
17. സമ്മര്‍ദം കുറക്കാന്‍ അണക്കെട്ടിനു മുകളില്‍ കോണ്‍ക്രീറ്റ് ക്യാപ്പിങ് ഉണ്ടാക്കി. പക്ഷെ ഇത് ഫലവത്തല്ല.
18. ഒരു ഭാഗത്ത് കോണ്‍ക്രീറ്റ് ആവരണം പണിത് ഇന്‍സ്‌പെക്ഷന്‍ ഗാലറി നിര്‍മ്മിച്ചു. (ആവരണം അണക്കെട്ടിനോട് ചേരാത്തതിനാല്‍ ഭിത്തിയുമായി ചേരുന്ന സ്ഥലത്ത് ഇപ്പോള്‍ ചോര്‍ച്ച)
19. കേബിള്‍ കൊണ്ട് അണക്കെട്ട് അടിസ്ഥാനത്തോട് ഉറപ്പിച്ചു(ഇത് താത്കാലിക ബലപ്പെടുത്തല്‍ മാത്രം)

കരിങ്കല്ലും സര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച് പണിതതില്‍ ഇന്ന് ലോകത്ത് തന്നെ ബാക്കി നിര്‍ക്കുന്ന പഴക്കമേറിയ ഏക അണക്കെട്ടാണ് മുല്ലപ്പെരിയാര്‍ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ കാലപഴക്കമുള്ള അണക്കെട്ടുകളെല്ലാം എല്ലാ രാജ്യങ്ങളും ഡീകമ്മിഷന്‍ ചെയ്തുകഴിഞ്ഞു. അണക്കെട്ട് തകര്‍ന്നാലുള്ള ദുരന്തം മുന്‍കൂട്ടി കണ്ടുകൊണ്ടാണിത്.

ഭൂകമ്പ മേഖലയില്‍ പണിത അണക്കെട്ടായതിനാല്‍ ഭൂചലനമുണ്ടായാല്‍ അണക്കെട്ടില്‍ പൊട്ടലുകളും വിള്ളലുകളും ഉണ്ടാകും. വിള്ളലുകള്‍ ചിലപ്പോള്‍ അകത്താകാം. ഇത് പുറത്ത് കാണണമെന്നില്ല. കാലവര്‍ഷത്തില്‍ അണക്കെട്ട് നിറഞ്ഞ സമയത്ത് ഇത്തരം വിള്ളലുകള്‍ വലുതായി അണക്കെട്ട് തകരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭൂവിള്ളലിന് മുകളില്‍ സ്ഥിതിചെയ്യുന്ന ബേബി ഡാമിനെ ഭയക്കേണ്ടതുണ്ട്. ഇപ്പോള്‍ ഇതിന്നടിയിലൂടെ വെള്ളം ചോരുന്നുണ്ട്. ഇതിന് വെറും മണ്‍കയ്യാലയുടെ ബലമേയുള്ളുവെന്ന് അന്നത്തെ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്റെ നിര്‍ദ്ദേശാനുസരണം 2006 നവംബര്‍ 13 ന് ബേബി ഡാം പരിശോധിച്ച അന്തര്‍സംസ്ഥാന ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍ കെ. ദിവാകരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്തി സമ്മര്‍ദ്ദം കുറച്ചില്ലെങ്കില്‍ ദുരന്തമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുള്ള ദുരന്തകാഴ്ചകള്‍ എന്തൊക്കെയായിരിക്കുമെന്ന് നോക്കാം.
അണക്കെട്ട് തകരുന്നതോടെ നാലുപാടും വെള്ളവും ചെളിയും മണ്ണും കുത്തിയൊഴുകി തൊട്ടടുത്തഗ്രാമങ്ങളെല്ലാം മണ്ണിനടിയിലാകും. മുല്ലപ്പെരിയാറിന് താഴെയുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, കീരിക്കര, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്‍ കോവില്‍, ഇരട്ടയാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിമിഷങ്ങള്‍ക്കകം വെള്ളപ്പൊക്കമുണ്ടാകും.

ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു ദുരന്തമായിരിക്കും ഇടുക്കി അണക്കെട്ടിലുണ്ടാവുക. കാലവര്‍ഷം കനക്കുന്ന സമയത്ത് ജലനിരപ്പ് കൂടുമ്പോഴാണ് അപകടമുണ്ടാകുന്നതെങ്കില്‍ മുല്ലപ്പെരിയാറിലെ 443 ദശലക്ഷം ക്യൂബിക്ക് മീറ്റര്‍ വെള്ളം 50 കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഇടുക്കി അണക്കെട്ടിലേക്ക് മിനിട്ടുകള്‍ക്കകം കുതിച്ചെത്തും. 1996.30 ദശലക്ഷം ക്യൂബിക് മീറ്ററാണ് ഇടുക്കി അണക്കെട്ടിന്റെ സംഭരണ ശേഷി. മുല്ലപ്പെരിയാര്‍ പൊട്ടിയാലും താങ്ങാനുള്ള ശേഷി കണക്കാക്കിയാണ് ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഒറ്റയടിക്ക് ഇത്രയും വെള്ളം ചെളിയും മണ്ണുമായി കുത്തിയൊഴുകിയെത്തുമ്പോള്‍ ഈ മര്‍ദ്ദം ഇടുക്കിക്ക് താങ്ങാനായെന്നു വരില്ല. ഇതുമൂലം ഇടുക്കിയില്‍ 15 അടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങാം. ഒറ്റയടിക്കുള്ള വെള്ളത്തിന്റെ തള്ളലില്‍ ഇടുക്കി അണക്കെട്ട് തകര്‍ന്നേക്കും. ഇതിന് താഴെയായി കുളമാവ്, ചെറുതോണി, ലോവര്‍ പെരിയാര്‍, ഭൂതത്താന്‍കെട്ട് എന്നീ അണക്കെട്ടുകളുണ്ട്. വെള്ളത്തിന്റെ തള്ളല്‍ ഈ അണക്കെട്ടുകളെയും തകര്‍ത്തേക്കാം.

രണ്ട് അണക്കെട്ടിലും കൂടിയുള്ള 2440 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം തള്ളുമ്പോള്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ള താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം ഇരച്ചുകയറും. പെരുമ്പാവൂര്‍ ആലുവ നഗരങ്ങള്‍ വെള്ളത്തിനടിയിലാകും. ചാലക്കുടിപ്പുഴ പെരിയാറില്‍ ചേരുന്നതിനാല്‍ ചാലക്കുടി ഭാഗത്തും വെള്ളം പൊങ്ങും. കുത്തിയൊഴുകുന്ന വെള്ളം വേമ്പനാട് കായലിലിലേക്കും മുനമ്പം ഭാഗത്തേക്കും തള്ളിക്കയറും.

ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കനത്ത വെള്ളപ്പൊക്കമുണ്ടാകും. അഞ്ച് ജില്ലകളിലെ 35 ലക്ഷം വരുന്ന ജനങ്ങളെ ഇത് ബാധിക്കും. പത്തനംതിട്ട ജില്ലയുടെ ഒരു ഭാഗത്തും വെള്ളം കയറാന്‍ സാധ്യതയുണ്ട്. ലക്ഷക്കണക്കിന് വീടുകള്‍, വ്യാപാരസ്ഥലങ്ങള്‍ ഫാക്ടറികള്‍ എന്നിവ വെള്ളത്തിനടിയിലാകുന്നത് കനത്ത നഷ്ടത്തിന് ഇടയാക്കും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പകര്‍ച്ച വ്യാധികളും പൊട്ടിപുറപ്പെടും.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുന്നത് ഇന്ത്യയിലെ തന്നെ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രമായ തേക്കടി പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് (Periyar tiger reserve) ഭീഷണിയാണ്. 777 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കേന്ദ്രത്തിലെ 350 ചതുരശ്രകിലോമീറ്റര്‍ പ്രദേശം ദേശീയ ഉദ്യാനമാണ്. പശ്ചിമഘട്ടത്തിലെ ഈ പ്രദേശം ലോകത്തിലെ ജൈവ വൈവിദ്ധ്യ ഉഷ്ണ വനതലമാണ്. (Biodiversity hot spot) വംശനാശത്തിന്റെ വക്കിലെത്തിയ അപൂര്‍വ്വ സസ്യങ്ങളും ജന്തുക്കളുമുള്ള മേഖലയാണിത്. ലോകത്ത് 18 ഉഷ്ണ വനതലങ്ങള്‍ ഉള്ളതില്‍ ഒന്നാണിത്. ജലനിരപ്പ് 152 അടിയാക്കിയാല്‍ വന്യജീവിസംരക്ഷണ കേന്ദ്രത്തിലെ 11.219 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം മുങ്ങും.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തിയാല്‍ വെള്ളത്തിലാകുന്ന ജൈവസമ്പത്തിനെക്കുറിച്ചും പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചും തൃശ്ശൂര്‍ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനം ശ്രദ്ധേയമാണ്. വന്യജീവി സംരക്ഷണ കേന്ദ്ര പ്രദേശത്ത് 1965 തരം പുഷ്പിക്കുന്ന സസ്യങ്ങളും 1440 തരം ബഹുപത്ര സസ്യങ്ങളും 525 തരം ഏകപത്രസസ്യങ്ങളുമുണ്ട്. മാത്രമല്ല, പുല്ല്, മുള എന്നിവ ഉള്‍പ്പെടുന്ന 168 ഇനം പോപ്പിയെസിയെയും. 155 ഇനം ഫാബിയെസിയെയും ഉണ്ട്. 168 ഇനം പുല്ലുകളും ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. നെല്ലിപ്പാറകണ്ടം, ആനക്കുത്തിവയല്‍, കൊക്കരക്കണ്ടം എന്നീ പ്രദേശങ്ങളിലാണിത്.

കടുവ, ആന, പുള്ളിപ്പുലി, കലമാന്‍, സിംഹവാലന്‍ കുരങ്ങ്, നീര്‍നായ, നീലഗിരിലാന്‍ഗര്‍ എന്നിങ്ങനെ നിരവധി വന്യജീവികളും ഇവിടെയുണ്ട്.

115 വര്‍ഷം മുമ്പ് അണക്കെട്ട് പണിതപ്പോള്‍ രൂപംകൊണ്ട തേക്കടി തടാകത്തിലെയും പരിസരങ്ങളിലെയും ആവാസവ്യവസ്ഥ തന്നെ ഇല്ലാതാകുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യും. 1979ല്‍ ജലനിരപ്പ് 136 അടിയാക്കി തടാകത്തിലെ വെള്ളം താഴ്ന്നപ്പോള്‍ ഇവിടെ കരപ്രദേശം രൂപപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് ആദിവാസികളുടെയും മറ്റും ജനവാസകേന്ദ്രമാണ്. കുളത്തുപാലം, മണ്ണാന്‍കുടി, പെരിയാര്‍കോളനി, ലബ്ബക്കണ്ടം, തേക്കടി, റോസാപ്പൂക്കണ്ടം, ആനവാച്ചാല്‍ എന്നിങ്ങനെ ഏഴ് തുരുത്തുകളിലായി ആയിരത്തിലധികം വീടുകളുണ്ട്. നാലായിരത്തോളം പേര്‍ ഇവിടെ താമസിക്കുന്നുണ്ട്.

ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികളുടെ പറുദീസയാണ് പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രം ഉള്‍പ്പെടുന്ന തേക്കടി. ജലനിരപ്പ് ഉയര്‍ത്തിയാല്‍ വന്യജീവി സംരക്ഷണകേന്ദ്രം തന്നെ ഇല്ലാതായി തേക്കടിയുടെ പ്രസക്തി നഷ്ടപ്പെടും. തേക്കടിക്ക് തൊട്ടടുത്തുള്ള കുമളി ടൗണ്‍ഷിപ്പായി മാറിയിരിക്കുകയാണ്. ഇവിടെയാണ് വിനോദസഞ്ചാരികള്‍ തമ്പടിക്കുന്നത്. ജലനിരപ്പ് ഉയരുന്നതോടെ തടാകത്തിന്റെ കരയില്‍ നിന്ന് ആനകളും വന്യജീവികളും പിന്‍വാങ്ങും. തേക്കടിയിലെ ബോട്ട് യാത്രയ്ക്ക് പിന്നെ അര്‍ത്ഥമില്ലാതാകും. അങ്ങിനെ ഇന്ത്യയിലെ ഒരു വന്യജീവിസംരക്ഷണകേന്ദ്രത്തിന്റെയും വിനോദസഞ്ചാര കേന്ദ്രത്തിന്റെയും നാശമായിരിക്കും ജലനിരപ്പ് ഉയര്‍ത്തിയാലുള്ള ഫലം.

ജലനരപ്പ് 136 അടിക്കു മുകളിലാക്കി അണക്കെട്ടു തകര്‍ന്നാലുള്ള പരിസ്ഥിതി ആഘാതം ഗുരുതരമായിരിക്കുമെന്ന് ഡോ. ധ്രുപജ്യോതിഘോഷ് ചെയര്‍മാനായുള്ള ദേശീയ വിദഗ്്ദ്ധ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തുകയാണ്. ഇതില്‍ നിന്ന് രക്ഷ നേടാനുള്ള പോംവഴിയെന്ന് കമ്മിറ്റി എടുത്തുപറഞ്ഞിട്ടുണ്ട്.

ജലനിരപ്പ് ഉയര്‍ത്തിയാല്‍ പെരിയാര്‍ ഇക്കോവ്യൂഹത്തിന്റെ ഭാഗമായ പുല്‍മേടുകള്‍ മുങ്ങും. ഇത് കടുവകളുടെ ആഹാരശൃംഖലയെ പ്രതികൂലമായി ബാധിക്കും. പുല്‍മേടുകളെ ആശ്രയിച്ച് ജീവിക്കുന്ന മാനുകളാണ് കടുവകളുടെ പ്രധാന ആഹാരമെന്നതിനാലാണിത്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടനുസരിച്ചുള്ള കടുവ സംരക്ഷണ കേന്ദ്രത്തില്‍ ഇത്തരത്തിലുള്ള സ്ഥിതിവിശേഷം ഉണ്ടാകരുത്. മാത്രമല്ല പുല്‍മേടുകളുടെ നാശം വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ മറ്റ് ജീവികളെയും ഇത് ഈ പ്രദേശത്തുനിന്ന് അകറ്റും. ടൂറിസം പദ്ധതിക്ക് ഇത് തിരിച്ചടിയാകും.

1979-ന് ശേഷം ആദിവാസികളടക്കമുള്ള ജനവിഭാഗം പലതുരുത്തുകളിലായി ഇവിടെ താമസമുറപ്പിച്ചിട്ടുണ്ട്. വെള്ളം ഉയര്‍ന്ന് ഈ പ്രദേശങ്ങള്‍ മുങ്ങിയാല്‍ ഇവര്‍ വീണ്ടും കാടുകളിലേക്ക് താമസം മാറ്റുന്നത് പരിസ്ഥിതിയെ ബാധിക്കും. ജലനിരപ്പ് ഉയര്‍ത്തിയാലുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കാന്‍ പരിസ്ഥിതി ആഘാത പഠനം (Environmental impact
assessment) അത്യവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ആറ് ഗ്രാമങ്ങളിലായി താമസിക്കുന്ന ആദിവാസികള്‍ അടക്കമുള്ളവര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന് ഭയന്നാണ് ഇവിടങ്ങളില്‍ കഴിയുന്നത്. ഇവരുടെ ജീവിതത്തെയും ഇപ്പോഴത്തെ സാഹചര്യത്തെയും കുറിച്ചുള്ള പഠനവും അത്യാവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിയുമ്പോള്‍ പദ്ധതിപ്രദേശത്ത് ജനസംഖ്യ കുറവായിരുന്നു. മാത്രമല്ല മിക്കവാറും പ്രദേശം വനവുമായിരുന്നു. അതിനാല്‍ അണക്കെട്ട് പൊട്ടിയാല്‍ തന്നെ ജീവഹാനി അധികം വരില്ല. പക്ഷെ ഇന്ന് സ്ഥിതി അതല്ല. പദ്ധതി പ്രദേശത്ത് ജനവാസം കൂടുതലാണ്. വെള്ളം ഒഴുകിയെത്താന്‍ സാദ്ധ്യതയുള്ള പെരിയാര്‍ നദിയുടെ കരപ്രദേശങ്ങളിലും ജനവാസം കൂടുതലാണ്.

അണക്കെട്ട് പണിയുമ്പോള്‍തന്നെ അത് തകര്‍ന്നാലുണ്ടാകുന്ന ദുരന്ത നിവാരണത്തിനായി പദ്ധതി തയ്യാറാക്കാറുണ്ട്. ഇതിനായി അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന അവസ്ഥ വിശകലനം (Dam break analysis) ചെയ്യും. ഇതിന്റെ വെളിച്ചത്തില്‍ പദ്ധതി പ്രദേശത്തിന്റെയും വെള്ളം പൊങ്ങാന്‍ ഇടയുള്ള സ്ഥലത്തിന്റെയും പ്രത്യേക ഭൂപടം തയ്യാറാക്കി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട മാര്‍ഗ്ഗരേഖകള്‍ ഉണ്ടാക്കും. ഓരോ മിനിട്ടിലും വെള്ളം ഒഴുകിയെത്തി, ഉയര്‍ന്നു പൊങ്ങുന്ന സ്ഥലങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇവിടെനിന്ന് ആളുകളെ രക്ഷിക്കാനുള്ള മാര്‍ഗ്ഗരേഖകളും ഇതോടപ്പമുണ്ടാകും. ഇതിനായി രക്ഷാ ടവറുകളും പുനരധിവാസകേന്ദ്രങ്ങളും സജ്ജമായിരിക്കും. പ്രാദേശിക സേനയുടെയും പട്ടാളത്തിന്റെയും സഹായം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചും ദുരന്തനിവാരണ പദ്ധതി രൂപരേഖയില്‍ കാണും. പ്രത്യേക വാര്‍ത്താവിനിമയ സംവിധാനവും സജ്ജമാകും.

ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (GIS) സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് ഇന്ന് ഡാം ബ്രേക്ക് അനാലിസിസ് നടത്തുന്നത്. ഇതിലൂടെ ദുരന്ത ബാധിത പ്രദേശത്തിന്റെ ത്രിമാന ഭൂപടങ്ങളും ഉണ്ടാക്കാന്‍ കഴിയും. ഇതൊക്കെയാണെങ്കിലും മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ദുരന്തനിവാരണത്തിനുള്ള പദ്ധതി നിലവില്‍ വന്നിട്ടില്ല. ദുരന്തനിവരാണത്തിന് പദ്ധതി തയ്യാറാക്കുമെന്നും സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും മന്ത്രിമാര്‍ പറയുന്നതല്ലാതെ അതിനുള്ള നടപടി യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുത്തിട്ടില്ല. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ദുരന്തനിവാരണപദ്ധതി നടപ്പാക്കി മുന്‍കരുതലെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.

ഏതു പദ്ധതിക്കും ചെലവാക്കിയ പണം തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ മുന്‍പന്തിയിലായിരുന്നു. വിജയകരമാവുന്ന പദ്ധതികള്‍ മാത്രമെ അവര്‍ ഏറ്റെടുത്തിരുന്നുള്ളൂ. മുല്ലപ്പെരിയാര്‍ അണക്കെട്ട് പദ്ധതിയില്‍ നിന്ന് തുടക്കത്തില്‍ തന്നെ, ചെലവായതിന്റെ ഏഴ് ശതമാനം തുക വരുമാനമായി കിട്ടിയിരുന്നു. അണക്കെട്ടില്‍ നിന്ന് പിന്നീടിങ്ങോട്ട് 115 വര്‍ഷം കൊണ്ട് എത്ര കോടികള്‍ പിരിഞ്ഞു കിട്ടിയിട്ടുണ്ടാകുമെന്ന് കണക്കുകൂട്ടിയാല്‍ ഞെട്ടലുണ്ടാകും.

60 വര്‍ഷം കഴിഞ്ഞാല്‍ അണക്കെട്ട് ഉപേക്ഷിക്കണമെന്നാണ് ചട്ടം. അപ്പോഴേക്കും നിര്‍മാണത്തിന് ചെലവായ തുകയ്ക്ക് പുറമെ വന്‍ലാഭം ഇതില്‍ നിന്ന് കൊയ്യാന്‍ കഴിയും. പക്ഷേ ആയുസ്സിന്റെ ഇരട്ടി കഴിഞ്ഞിട്ടും അണക്കെട്ട് ഡീകമ്മിഷന്‍ ചെയ്യാതെ തമിഴ്‌നാട് സിമന്റ് പൂശി 'ബലപ്പെടുത്തി'ക്കൊണ്ടിരിക്കുകയാണ്.

ഒരുകാര്യം വ്യക്തമാണ്. അണക്കെട്ട് ഇപ്പോഴും തകരാതെ നില്‍ക്കുന്നത് ഒന്നുകില്‍ ബ്രിട്ടീഷുകാരുടെ നിര്‍മ്മാണ വൈദഗ്ദ്ധ്യംകൊണ്ട്, അല്ലെങ്കില്‍ കേരളത്തിലെ ജനങ്ങളുടെ ഭാഗ്യം കൊണ്ട്.


(മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രതിരോധത്തിന് ഞാനുമുണ്ട് . ശശിധരന്‍ മങ്കത്തിലിന്റെ ഒരു ആധികാരിക ലേഖനം ഞാന്‍ പോസ്റ്റ്‌ ആക്കുന്നു. പോസ്റ്റ്‌ ഇടുകയല്ല ലക്‌ഷ്യം, മറിച്ച് പ്രശ്നത്തില്‍ ഇടപെടുക മാത്രമാണ്. )
Tuesday 18 October, 2011

വർത്തമാനം.

നരച്ച മുറിയിൽ
ഇരുണ്ട വെളിച്ചത്തിൽ
മഞ്ഞച്ച ആൽബത്തിലേക്ക്
കണ്ണുതുറിച്ച്
പടിഞ്ഞാറേക്കുള്ള
ജനാല തുറന്നു വച്ച്
വിഴുങ്ങാൻ വരും
ഒരുനേരം കാലം
എന്നു കിടുങ്ങിയിരിക്കുമ്പോൾ
കാറ്റും മഴയും വെയിലും നിലാവും
തൊട്ടുവിളിക്കാനായുമ്പോൾ
ഇതൊരു തടവറയെന്നു
ചിരിച്ചു മയങ്ങാനെന്തു സുഖം.!
Thursday 28 July, 2011

ജന്മത്തിന്‍റെ ഉപമകള്‍.



ഒറ്റയടിപ്പാതകളിലൂടെ
യാത്രകളെല്ലാം അസ്തമിക്കുന്നു.
വരണ്ടുണങ്ങാത്ത ഒറ്റക്കാറ്റും ഇനി വീശാനില്ല.
മഴ പെയ്യുന്ന ഒരുച്ചയില്‍ നിഴലില്ലാതെ വന്ന്
വെയിലുപൊള്ളുന്ന ഒരുച്ചയില്‍
നിഴലുമാത്രം കൂട്ടിനായ്
തിരിച്ചുപോകുന്നു ഞാന്‍.
ജന്മത്തിന്‍റെ കപ്പല്‍ച്ഛെദത്തിലെ
ഏകാന്തനാവികന്‍.
ഈ ഇടത്താവളത്തില്‍ എനിക്ക്
ഋതുക്കളുടെ ഉടയാടകള്‍ കിട്ടി.
കാണാത്ത ഭൂഖണ്ഡങ്ങള്‍ പോലെ
സ്വന്തം നെഞ്ചില്‍ നാം ഒളിച്ചിരിക്കുന്നു.
ഒരു തോണിപ്പാട്ടില്ലാതെ പുഴയും
തുഴയില്ലാതെ തോണിയും ഒഴുകിതീരുന്നു.
അനാഥജന്മത്തിന്‍റെ ഉപമകള്‍ എന്തെല്ലാം?
പൊക്കിള്‍കൊടികൊഴിഞ്ഞ ഒരു കുട്ടി.
കൂടില്ലാത്ത ഒരു പറവ.
ഒഴുക്കില്ലാത്ത ഒരു പുഴ.
പച്ചയൊഴിഞ്ഞ ഒരു വനം.
തടവുകാരന്‍ അകത്തും പുറത്തും
ഓര്‍മ്മകളുടെ ഇരയാണ്.
കാടെരിയുന്നതും കനവുരുകുന്നതും
ഒരേ ഗന്ധത്തിലാണ്.
കാറ്റും മഴയും കടലിലെന്നപോലെ
കരുണയും കലാപവും ഒരേ മനസ്സില്‍.
രാപ്പകലുകള്‍ പോലെ
പ്രണയവും പ്രളയവും.
സായംസന്ധ്യപോലെ
ജനിമൃതികള്‍ക്കിടയില്‍ ഹൃദയസ്പന്ദനം.
പച്ചിലയും പഴുത്തിലയും പോലെ
ചിരിയും കരച്ചിലും പിറന്നൊടുങ്ങുന്നു.
എനിക്കും നിങ്ങള്‍ക്കുമിടയില്‍
ഒരു പച്ചപ്പുണ്ട്‌.
നരകത്തിനും സ്വര്‍ഗത്തിനുമിടയില്‍
ഭൂമിയെന്നപോലെ.
കൂട്ടരേ,
നിലാവെരിയുന്ന ഒരു പകലും
സൂര്യന്‍ തണുക്കുന്ന ഒരു രാത്രിയും
കിനാവുകണ്ട്‌ ഞാന്‍ പോകുന്നു.
മഴപൊഴിയുന്ന ഒരു മനസ്സും
കനലെരിയുന്ന ഒരു കണ്ണും
തോരാതെ തീരാതെ പോകുന്നു.
ജന്മത്തിന്‍റെ ഉപമകള്‍.
എങ്കിലും അവസാനിക്കുന്നില്ല.

(റീപോസ്റ്റ്)
Saturday 14 May, 2011

നിർവ്വാണം

നിലവിളികളില്‍ കുരുങ്ങിപ്പിടഞ്ഞൊരാൾ
ജീവിതവഴിയിലിടറി നില്‍ക്കവേ
ആരൊരാള്‍ വന്നു തോളില്‍പ്പിടിച്ചു
നല്ലവാക്കോതി തണുപ്പിച്ചു നടത്തുവാന്‍?

എത്രമേല്‍ കാംക്ഷിക്കുമെങ്കിലും, വഴി-
നീളെ കണ്ണില്‍ തിരി തെളിച്ചീടിലും
കാണുമോ കഷ്ടകാലത്തിന്‍റെ കാലനെ,
സ്നേഹദൂതനെ, ദയാപരനൊരന്യനെ?

ഓര്‍ത്തുനോക്കീടുകില്‍ വിഷാദിക്കുവാനില്ല-
യൊന്നും, വാഴ്വുതന്നെയസംബന്ധമാകവേ;
പ്രാണന്‍ പൊതിഞ്ഞും, കിതച്ചും പായവേ
നേടിയെത്ര, നേടുവാനെത്ര,യായുസ്സെത്ര ബാക്കി?

സ്നേഹിച്ചുവോ തമ്മില്‍ നോവിച്ചതിനൊപ്പമെങ്കിലും?
പ്രണയിച്ചുവോ പിരിയുന്ന നേരമെങ്കിലും?
കലഹിക്കുവാനിരുട്ടു നിരന്തരം തേടവേ
തെല്ലു കാണാതെപോയോ നന്മതന്‍ സൂര്യനെ?

കാത്തുസൂക്ഷിച്ചതെന്തിത്രമേല്‍ കാര്യമായ്.
ആരാണവകാശി, യന്യനോ അരുമയോ?
അല്ലെങ്കിലെന്തു നാം നല്‍കി,യാര്‍ക്ക്?
വെറുതെ കൂട്ടിവച്ചതാം പാഴ്വാക്കല്ലാതെ.

ഓര്‍ത്തീടുമോ, വഴിമാറി നടന്നീടുമോ
മടുത്തുവിങ്ങുമ്പോള്‍ പകര്‍ന്നീടുമോ?
ഇത്രമേല്‍ അകന്നിട്ടെന്താണ് ലാഭം,?
ജീവിതമൊരുത്തന്‍റെ ശരിതെറ്റുമാത്രമോ.

ഒടുവിലാരും വരാമീവഴി ശൂന്യനായ്‌
നിരലംകൃതനായ്, നിരാലംബനായ്.
കൊതിക്കുന്നതെത്ര, വിധിക്കുന്നതെത്ര,
ദാഹിക്കുന്നതെത്ര, ശമിക്കുന്നതെത്ര.

പ്രിയമുള്ളതില്‍നിന്നകലാന്‍ കഴിയുമോ?
മടുപ്പുള്ളതിനോടടുക്കാന്‍ കഴിയുമോ?
കുടിച്ചുതീര്‍ക്കാന്‍ ഒരു കടല്‍കിടക്കെ
നിര്‍വ്വാണമെന്നെ പൊതിയുവതെങ്ങനെ?

(റീപോസ്റ്റ്)
Thursday 27 January, 2011

ആ ജനുവരി സന്ധ്യ മറക്കുവതെങ്ങനെ ?


സമയം കടന്നുപോകുന്നു. സന്ധ്യാപ്രാർത്ഥനയ്ക്കുള്ള നേരമാണിപ്പോൾ. ബാപ്പുവിന്റെ ഊന്നുവടികളായ മനുവിനും ആഭയ്ക്കും പരിഭ്രമമായി. അദ്ദേഹം എപ്പോഴും വെറുക്കുന്ന ഒരേയൊരു കാര്യം ഇതാണ്. ഈ സമയംതെറ്റൽ.




അന്നേരം ഗാന്ധിജി അകത്ത് വല്ലഭായി പട്ടേലുമായി സംവാദത്തിലായിരുന്നു. തന്റെ ജീവിതത്തിലെ അവസാനത്തെ കൂടിക്കാഴ്ച. നെഹ്രുവിന് പട്ടേൽ എഴുതിയ രാജിക്കത്തിന്റെ കോപ്പി ഗാന്ധിജിയുടെ എഴുത്തുമേശയുടെ മുകളിൽ ഇരിക്കുന്നുണ്ട്. യോജിച്ചുപോകാൻ കഴിയാത്ത തരത്തിൽ നെഹ്രുവും പട്ടേലും അകന്നിരുന്നു. രണ്ടുപേരും ഗാന്ധിജിക്ക് പ്രിയപ്പെട്ടവർ.(മരണത്തിനു തൊട്ടുമുൻപുള്ള നിമിഷത്തിലും ഗാന്ധിജി കോൺ‌ഗ്രസ്സിലെ പ്രശ്നങ്ങൾ പറഞ്ഞുതീർക്കുകയായിരുന്നു. ആ മഹാത്മാവിന്റെ വാക്കുകൾക്ക് സ്വാതന്ത്ര്യത്തിനു ശേഷം അധികാരത്തിലേറിയ ശിഷ്യന്മാർ വില കല്പിച്ചില്ല എന്നത് ഒരു ദു:ഖസത്യം.)



സമയം അഞ്ചുമണി കഴിഞ്ഞ് പത്തുമിനുട്ട് കൂടിയായപ്പോൾ മനു വാച്ചിനുനേർക്ക് മുദ്രകാണിച്ച് നേരം വൈഅകിയതിനെക്കുറിച്ച് ഗാന്ധിജിയെ ഓർമ്മിപ്പിച്ചു. അദ്ദേഹം വല്ലഭായിയോട് പറഞ്ഞു. “ ഓഹ്, നിങ്ങൾ എന്നെ സ്വതന്ത്രനാക്കണം. ദൈവയോഗത്തിനു ഞാൻ പോകേണ്ട സമയമായി.”(ഹൊ, എത്ര അറം പറ്റിയ വാക്കുകൾ)



നേരം വൈകിയതിനാൽ ബിർലാമന്ദിരത്തിന്റെ പുൽത്തകിടിക്ക് കുറുകേ അദ്ദേഹം പ്രാർത്ഥനാമൈതാനത്തേക്ക് നടന്നു. പ്രാർത്ഥനയ്ക്ക് ഒരു നിമിഷം പോലും വൈകുന്നത് ഗാന്ധിജിക്ക് ഇഷ്ടമല്ല. അദ്ദേഹം പറഞ്ഞു( തന്റെ അവസാന വാക്കുകൾ?) Those who are late should be punished ( ആരാണോ വൈകുന്നത് അവർ ശിക്ഷിക്കപ്പെടും) പ്രവചനസ്വഭാവമുള്ള വാക്കുകൾ.



മറ്റുള്ളവരുടെ സഹായമില്ലാതെ പടികൾ കയറി അദ്ദേഹം മുകളിലെത്തി. ‘ബാപ്പുജി, ബാപ്പുജി’ എന്ന് ആളുകൾ മൃദുവായി ഉരുവിടുന്നുണ്ടായിരുന്നു. ജനങ്ങൾക്കിടയിൽ നാഥുറാം തയ്യാറായി ഇരുന്നു. ജനങ്ങൾ ഇരുവശത്തേക്ക് ഒഴിഞ്ഞുനിന്നു. ആ വഴിയിലൂടെ അടുത്തേക്ക് നടന്നുവരുന്ന ഗാന്ധിജിയെ നാഥുറാം കണ്ടു. അയാളുടെ ഒരു കൈ കീശയിലായിരുന്നു. പെട്ടന്നയാൾ മാറിച്ചിന്തിച്ചു. ‘ കൊല്ലാ‍ൻ ദൈവം തന്ന അവസരമാണിത്.’ (പ്രാർത്ഥനാവേദിയിൽ ഗാന്ധിജി ഇരുന്നതിനുശേഷം 35വാര അകലെനിന്നും നിറയൊഴിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.) ഇതാവുമ്പോൾ ആൾക്കൂട്ടത്തിനിടയിലൂടെ നടന്നുവരുന്ന ഗാന്ധിജിക്ക് നേരേമുന്നിലെത്തി പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ ആ നെഞ്ചിലേക്ക്...’ അയാൾ ചിന്തിച്ചു.



കാക്കിവേഷമണിഞ്ഞ തടിച്ച ചെറുപ്പക്കാരൻ ബാപ്പുവിനുനേരേ ചുവടുവയ്ക്കുന്നത് മനു കണ്ടു. നാഥുറാം കൈത്തോക്കെടുത്ത് രണ്ടു കൈത്തലങ്ങൾക്കിടയി ഒളിപ്പിച്ചു. ഗാന്ധിജിയുടെ അനുയായി ആയി പൊതുജീവിതം തുടങ്ങിയ നാഥുറാം, അദ്ദേഹം രാജ്യത്തിനുവേണ്ടി എന്തെങ്കിലും സേവനം ചെയ്തിട്ടുണ്ടെങ്കിൽ അതിനുവേണ്ടി വന്ദിക്കാൻ തീരുമാനിച്ചു. അയാൾ ഗാന്ധിജിയുടെ മുൻപിൽ അരയോളം കുനിഞ്ഞു. ‘നമോവാകം‘



ബാപ്പുവിന്റെ പാദം ചുംബിക്കാൻ തുടങ്ങുകയാണെന്ന് കരുതി മനു അയാളെ തടയാൻ ശ്രമിച്ചു. “ ബാപ്പു ഇപ്പോൾത്തന്നെ വൈകി”. പക്ഷെ പെട്ടന്ന് ഇടത്തേക്കൈ കൊണ്ട് നാഥുറാം ശക്തിയായി അവളെ തള്ളി. പോയിന്റെ ബ്ലാങ്ക് റേഞ്ചിൽ നിന്ന് അയാളുടെ വലതുകൈയിലിരുന്ന തോക്ക് മൂന്നു തവണ തീതുപ്പി. 79വർഷം പഴക്കമുള്ള ആ ദുർബ്ബലമായ നെഞ്ചിലേക്ക് വെടിയുണ്ടകൾ തുളഞ്ഞുകയറി. വെടിയൊച്ചകൾ പ്രാർത്ഥനാമൈതാനത്തെ നിശ്ചലമാക്കി.



തറയിൽ വീണുകിടക്കുന്ന ബാപ്പുജിയുടെ നോട്ടുബുക്കും കോളാമ്പിയുമൊക്കെ തേടുകയായിരുന്ന മനു അത് കേട്ടു. കൈ തൊഴുതുപിടിച്ച് പ്രാർത്ഥനാവേദിയിലേക്ക് ഒരു ചുവടുകൂടി വയ്ക്കുന്ന ബാപ്പുവിനെ കണ്ടു അവൾ. തൂവെള്ള ഖാദിവസ്ത്രത്തിൽ പരക്കുന്ന രക്തപുഷ്പങ്ങൾ കണ്ടു. പിന്നെ ‘ഹേ റാം’ എന്നുച്ചരിച്ച് നിലത്തേക്ക് വീഴുന്ന തന്റെ ബാപ്പുവിനെ കണ്ടു. തന്റെ നേരേ നിറയൊഴിച്ചവനോടെന്ന പോലെ അദ്ദേഹത്തിന്റെ കൈകൾ അപ്പോഴും കൂപ്പിയ മട്ടിലായിരുന്നു.



അദ്ദേഹത്തിന്റെ രക്തത്തിൽ കുതിർന്ന ഉടുവസ്ത്രത്തിന്റെ മടക്കുകളിൽനിന്നു പുറത്തുകണ്ട ഇംഗർസോൾ വാച്ചിൽ അപ്പോൾ സമയം അഞ്ചുമണി കഴിഞ്ഞ് പതിനേഴ് മിനിറ്റായിരുന്നു.

ലോകത്തിന്റെ കണ്ണുകൾ പെയ്തപ്പോൾ


ഹിന്ദുസ്ഥാൻ സ്റ്റാൻഡേർഡിന്റെ എഡിറ്റോറിയൽ പേജിൽ മഹാത്മാവിന്റെ വധം നടന്നതിന്റെ പിറ്റേദിവസം ഇങ്ങനെ വായിക്കാം.



‘ആരുടെ പാപമോചനത്തിനുവേണ്ടിയാണോ ഗാന്ധിജി ജീവിച്ചത്, അവർതന്നെ അദ്ദേഹത്തിന്റെ കഥ കഴിച്ചു. ലോകചരിത്രത്തിലെ ഈ രണ്ടാം ക്രൂശിക്കൽ നടന്നതും ഒരു വെള്ളിയാഴ്ചയാണ്. 1915വർഷം മുൻപ് ക്രിസ്തുവിന്റെ കുരിശേറ്റം നടന്ന അതേദിവസം. പിതാവേ ഞങ്ങളോട് പൊറുക്കേണമേ’





ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകായിരങ്ങൾ അനുശോചന സന്ദേശങ്ങൾ അയച്ചുകൊണ്ടിരുന്നു. 1931ൽ ലണ്ടനിൽ വച്ചാണ് ബർണാഡ് ഷായെ ഗാന്ധിജി പരിചയപ്പെടുന്നത്. ഷാ പറഞ്ഞു. “ നല്ലവനായിരിക്കുന്നത് എത്ര ആപൽക്കരമാണെന്ന് അദ്ദേഹത്തിന്റെ വധം പറഞ്ഞുതരുന്നു.”


നോബൽ സമ്മാന ജേതാവ് പേൾ.എസ്.ബക്ക് വിഷാദപ്പെട്ടു. “ രണ്ടാമത്തെ ക്രിസ്തുവും കുരിശിൽ തറയ്ക്കപ്പെട്ടു.”



“ഇങ്ങനെ ഒരു മനുഷ്യൻ രക്തമാംസങ്ങളാൽ ഈ ലോകത്ത് ജീവിച്ചിരുന്നുവെന്ന് ഭാവിതലമുറ വിശ്വസിച്ചെന്നുവരില്ല” എന്നാണ് ഐൻസ്റ്റീൻ ഖേദിച്ചത്.(അതെത്ര സത്യമെന്ന് 60വർഷം കഴിഞ്ഞപ്പോഴേ നമ്മൾ തെളിയിച്ച് തുടങ്ങി)



ഗാന്ധിജിയുടെ മരണത്തെക്കുറിച്ച് മൌണ്ട് ബാറ്റൺ ഭീതിയോടെ പറഞ്ഞതിങ്ങനെ: “ ഗാന്ധിജിയെ കൊന്നത് യഥാർത്ഥത്തിൽ ഒരു മുസ്ലീം ആണെങ്കിൽ ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീകരമായ കൂട്ടക്കൊല ഇന്ത്യയിൽ നടക്കാൻ പോവുകയാണ്.” അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു. “ ചരിത്രത്തിൽ ബുദ്ധനും ക്രിസ്തുവിനും തുല്യമായ ഒരു സ്ഥാനം മഹാത്മാഗാന്ധിക്കും ഉണ്ടായിരിക്കും.”


(മൌണ്ട് ബാറ്റൺ വളരെ കൃത്യമായി ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിലാക്കി. 1984ലെ ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടർന്നുള്ള സിക്കുവിരുദ്ധ കലാപവും ഗുജറാത്ത് കലാപവുമൊക്കെ അദ്ദേഹം നിരീക്ഷിച്ച കൂട്ടക്കൊലകൾക്ക് ഉദാഹരണമാണ്. ഒരു ചെറിയ പ്രകോപനം മതി ഇന്ത്യയിൽ ലഹള പൊട്ടിപ്പുറപ്പെടാൻ)




നെഹ്രു പറഞ്ഞു. “ നമ്മുടെ ജീവിതങ്ങളിൽ നിന്നും പ്രകാശം പൊലിഞ്ഞു. എവിടെയും ഇരുട്ട് നിറഞ്ഞിരിക്കുന്നു”



ഗാന്ധിജിയുടെ രാഷ്ട്രീയ പ്രതിയോഗിയായിരുന്ന മുഹമ്മദാലി ജിന്ന പ്രതിവചിച്ചു. “ ഹിന്ദുമതം ജന്മം നൽകിയ ഏറ്റവും മഹാന്മാരായ വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം. അതെ മഹാനായ ഹിന്ദു.”


വത്തിക്കാനിൽ നിന്നും പീയുസ് മാർപ്പാപ്പയടക്കമുള്ള സകല ലോക നേതാക്കളും ബാപ്പുജിയുടെ മരണത്തിൽ അനുശോചനമറിയിച്ചു. പക്ഷേ ജോസഫ് സ്റ്റാലിന്റെ വിദേശകാര്യാലയത്തിലെ ഒരാളും പ്രതികരിച്ചില്ല. ജവഹർലാൽ നെഹ്രുവിന്റെ സഹോദരി മിസ്സിസ്സ് വി.എൽ.പണ്ഡിറ്റ് പുതുതായി തുറന്ന സ്ഥാനപതികാര്യാലയത്തിൽ തയ്യാറാക്കിവച്ച രജിസ്റ്റർ ശൂന്യമായിത്തന്നെയിരുന്നു.



ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മരണ വിലാപയാത്ര യമുനാനദിക്കരയിലേക്കുണ്ടായി. പാകിസ്താനിൽ ലക്ഷക്കണക്കിന് സ്ത്രീകൾ ആഭരണങ്ങളും അലങ്കാരങ്ങളുമുപേക്ഷിച്ച് പരമ്പരാഗത ദു:ഖപ്രകടനം നടത്തി. വാർത്തകളറിയാൻ ലാഹോറിൽ ജനങ്ങൾ തിങ്ങിക്കൂടി. ബോംബേയിൽ സവർക്കർ സദനത്തെയും ഹിന്ദുരാഷ്ട്രയുടെയും ഹിന്ദുമഹാസഭയുടെയും കാര്യാലയങ്ങൾ ജനങ്ങൾ ആക്രമിച്ചു.


എന്റെ ചാരം ഹൈന്ദവസിന്ധുവിലൊഴുകട്ടെ


ഗാന്ധിജിക്കുനേരേ നിറയൊഴിച്ച ഗോഡ്സേയെ പോലീസ് പിടികൂടി. അയാൾക്ക് രക്ഷപെടാനുള്ള പഴുതുകൾ വേണ്ടുവോളമുണ്ടായിരുന്നിട്ടും ശ്രമിച്ചില്ല. തുടർന്ന് ബാക്കിയുള്ളവരെയും പിടികൂടി. നാരായണൻ ആപ്തേ, നാഥുറാം ഗോഡ്സേ, ഗോപാൽ ഗോഡ്സേ, മദൻ‌ലാൽ പഹ്‌വ, വിഷ്ണു കാർക്കറേ, സവർക്കർ, ദത്താത്രേയ ചർച്ചുറേ, ശങ്കർ കിസ്തിയ(ദിഗംബർ ബാഡ്ജെയുടെ സേവകൻ) എന്നിവരെ ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ട് 1948മെയ് 27ന് വിചാരണയ്ക്കയച്ചു. യഥാർത്ഥത്തിൽ ഒരു രാഷ്ട്രീയ കൊലപാതകമായ സംഭവത്തെ താൻ മാത്രമാണിതിനുത്തരവാദി എന്ന് പറഞ്ഞ് വഴിമാറ്റിവിടാൻ ഗോഡ്സേ ശ്രമിച്ചിരുന്നു. സ്വയമൊരു ബലിയാടാവുകയായിരുന്നു ലക്ഷ്യം.


കപട സന്യാസിയുടെ വേഷത്തിൽ നടക്കുകയും ആയുധങ്ങളുണ്ടാക്കുകയും വിൽക്കുകയും ഛെയ്തിരുന്ന ദിഗംബർ ബാഡ്ജേയ്ക്ക് വിചാരണ നേരിടേണ്ടി വന്നില്ല. ഗാന്ധിജിയുടെ വധത്തിൽ ഒരു പ്രധാന പങ്കുവഹിച്ച ബാഡ്ജേയ്ക്കെതിരെ തെളിവുകൾ ശേഖരിക്കാൻ പോലീസിന് കഴിഞ്ഞില്ല. പലവിധ കുറ്റകൃത്യങ്ങളിൽ 37തവണ അയാൾ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ഒരിക്കൽ മാത്രമാണയാൾ ശിക്ഷിക്കപ്പെട്ടത്. അയാൾ മാപ്പുസാക്ഷിയായി. വീർ സവർക്കർ തെളിവില്ലാത്തതിന്റെ പേരിൽ വിട്ടയയ്ക്കപ്പെട്ടു. ബാക്കി ഏഴുപേരേയും ശിക്ഷിച്ചു.



ആപ്തെ, ഗോഡ്സേ എന്നിവരെ 1949നവംബർ 15ന് അംബാലാ ജയിലിൽ തൂക്കിക്കൊന്നു. ഗാന്ധിയുടെ രണ്ടു പുത്രന്മാരടക്കം പലരും നെഹ്രുവിന് ദയാഹർജി കൊടുത്തെങ്കിലും ശിക്ഷ ഒഴിവായില്ല. ബാക്കി അഞ്ചുപേർക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു. ദത്തത്രേയ ചർച്ചുറേയും ശങ്കർ കിസ്തിയയും വിധി അസ്ഥിരപ്പെടുത്തി. വിഷ്ണു കാർക്കടെ ഗോപാൽ ഗോഡ്സേ, മദൻ‌ലാൽ പഹ്‌വ എന്നിവരെ അറുപതുകളുറ്റെ അവസാനം ജയിലിൽ നിന്നു മോചിപ്പിച്ചു.



തന്റെ ചാരം ഹൈന്ദവ ഭരണത്തിൽ ഏകീകരിക്കപ്പെട്ട ഒരിന്ത്യയിലൂടെ ഒഴുകുന്ന സിന്ധു നദിയിലൊഴുക്കണമെന്നും അതിന് കഴിയുന്നതുവരെ തലമുറ തലമുറകളായി കൈമാറി സൂക്ഷിക്കണമെന്നും ഗോഡ്സേ മരണപത്രത്തിൽ ആവശ്യപ്പെട്ടു.



പിന്നീട എല്ലാ നവംബർ 15നും ഗോപാൾ ഗോഡ്സേ ജ്യേഷ്ഠനെ തൂക്കിക്കൊന്നതിന്റെ വാർഷികമാചരിച്ചിരുന്നു. പൂനയിലെ തന്റെ താമസസ്ഥലത്ത് സ്ഥാപിച്ചിരുന്ന സമ്പൂർണ്ണമായ ഒരൂ ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ചുവട്ടിൽ നാഥുറാമിന്റെ ചിതാഭസ്മം വയ്ക്കും. വെള്ളിക്കുടത്തിന്റെ മുകളിൾ വൈദ്യുതി ദീപങ്ങൾ ചാർത്തും. വീർസവർക്കറുടെ പഴ്യ ശിഷ്യന്മാർ ചേർന്ന് പ്രതിജ്ഞയെടുക്കും. ഹൈന്ദവ ഇന്ത്യയുടെ ഏകീകരണത്തിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള പ്രതിജ്ഞ.



ഇന്നും ഇന്ത്യ ശാന്താമാവാതെ തുടരുന്നു. കലാപങ്ങൾക്ക് അറുതിയില്ല. പ്ലേഗിന്റെ അണുക്കൾ കാലങ്ങളോളം നാശം കൂടാതെ തണുത്തിരുന്നിട്ട് ഒരുനാൾ പൊട്ടിപ്പുറപ്പെടുന്ന പോലെ ഇന്ത്യയിൽ ഏതു നേരത്തും എവിടെയും ജനങ്ങൾ പരസ്പരം കൂട്ടക്കുരുതി നടത്താം എന്ന ഭീതി നിലനിൽക്കുന്നു. അങ്ങനെയിരിക്കെ ആ ജനുവരി സന്ധ്യ നാം എങ്ങനെ മറക്കും കൂട്ടരെ...

Monday 17 January, 2011

നിങ്ങളോർക്കുക നിങ്ങളെ ഞങ്ങളെ











































































































ഡിസംബർ മാസത്തിലെ സുഖകരമായ ഒരു പകലിൽ ഞങ്ങൾ കുറച്ചുപേർ തെന്മല ഇക്കോ ടൂറിസം പദ്ധതി പടർന്നുകിടക്കുന്ന വനമേഖലയിലേക്ക് ഒരു യാത്ര പോയി. ജോലിനോക്കിയിരുന്ന സ്കൂളിൽ നിന്നും സ്ഥലം മാറ്റമായി. എനിക്ക് മാത്രമല്ല മറ്റുപലർക്കും. അത് ഞങ്ങളുടെ വല്ലാത്ത ഇഴയടുപ്പമൂണ്ടായിരുന്ന സൌഹൃദത്തെ ഉലച്ചുകളഞ്ഞു.




സ്ഥലം മാറ്റമായിട്ട് രണ്ട് ദിവസം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. എല്ലാവരും കൂടി വീട്ടിൽ വന്നു. ഭക്ഷണം കഴിച്ചു. ഞങ്ങൾ വെറുതെ സമയം ചിലവഴിക്കാൻ വേണ്ടി ഇക്കോടൂറിസത്തിലേക്ക് പോയി. അവിടെ അഡ്വഞ്ചർ സോണിൽ മലകയറ്റമൊക്കെ കഴിഞ്ഞ് ലഘുഭക്ഷണം കഴിച്ച് ഉല്ലസിച്ചിരിക്കുമ്പോ‍ഴാണ് ദാ താഴെക്കാണുന്ന വാനരൻ വന്നത് ഞങ്ങളുടെ കൂടെയുണ്ടായിരുന്ന കുട്ടികൾ അപ്പുവും ആമിയും അവനോടൊപ്പം കൂടി.



അവരുടെ കൈയിൽ ഉണ്ടായിരുന്ന ലോലിപോപ്പ് കൊടുത്തപ്പോൾ വാങ്ങി സ്റ്റൈലായി തിന്നു. പിന്നെയും മറ്റെന്തിനോ വേണ്ടി പ്രതീക്ഷയോടെ കാത്തിരുന്നു.



അവന്റെ മുഖത്ത്, ചലനങ്ങളിൽ ദൈന്യതയായിരുന്നോ? തങ്ങളുടെ ഏകാന്തമായ വന്യതയിൽ മനുഷ്യർ കടന്നുകയറി അധികാരം സ്ഥാപിക്കുന്നതിന്റെ രോഷമായിരുന്നോ.? കാടിന്റെ രുചികൾ മറന്ന് നാടിന്റെ പാക്കറ്റ് ഭക്ഷണങ്ങൾക്കായി നാവിനെ മാറ്റിയെടുത്തവന്റെ ആർത്തി? എത്ര കൊടുത്താലും മനുഷ്യനിൽ നിന്ന് അകലം പാലിക്കുന്ന ജ്ഞാനിയാണവൻ.



അവനെപ്പോലെ എത്രപേർ നൂറുകണക്കിനു കുരങ്ങന്മാർ അവിടെ ചുറ്റിയടിച്ചു നടക്കുന്നു. ഒരുകാലത്ത് അവരുടെ ലോകമായിരുന്നത് ഇന്ന് അവർക്ക് അന്യം. അവർക്കെന്നല്ല എല്ലാ കാട്ടുമൃഗങ്ങൾക്കും.



എല്ലാം നാം കടന്നുകയറി സ്വന്തമാക്കിയിരിക്കുന്നു. കാട്ടുമനുഷ്യരും കാട്ടിലെ ജന്തുജാലപ്രാണിവർഗ്ഗങ്ങളും പക്ഷികളും മരങ്ങളും എല്ലാമെല്ലാം സ്വന്തം ആവാസഭൂമിയിൽ അന്യവൽക്കരിക്കപ്പെട്ടിരിക്കുന്നു.


എവിടെയും മനുഷ്യർ, മനുഷ്യർ, മനുഷ്യർ.



ആർത്തിയുടെ തേറ്റകളുമായി സദാ റോന്തുചുറ്റുന്ന അജ്ഞാനികൾ. പ്രപഞ്ചത്തിന്റെ ഭ്രമണപഥത്തിൽ നിന്നും തെന്നിമാറി എല്ലാം നശിപ്പിക്കുന്ന മുടിയനായ പുത്രൻ.



ഇതാ മനുഷ്യന്റെ പൂർവ്വികൻ പുതുമനുഷ്യന്റെ ആടിക്കളിയടാ കുഞ്ഞിരാമാ എന്ന കളിനിയമത്തിനുള്ളിൽ ഗതികേടിന്റെ വേഷമണിഞ്ഞ് കൈനീട്ടി നിൽക്കുന്നു.

കാടിറങ്ങിപ്പോന്ന മനുഷ്യൻ നാട്ടുമനുഷ്യരായി നാഗരികമനുഷ്യരായി കാടുകയറുന്നു. അപ്പോൾ കാട്ടുജീവികൾ അവന്റെ മുന്നിൽ ദയാദാക്ഷണ്യങ്ങൾക്കായി കേണുനിൽക്കുന്നു.

‘ദ ലാസ്റ്റ് എമ്പറർ’ എന്ന ബർട്ടലൂച്ചി സിനിമയിൽ ചൈനീസ് വംശത്തിലെ അവസാനത്തെ രാജകുമാരൻ താൻ ബാല്യകാലം ചെലവിട്ട തന്റെ കൊട്ടാരം സർക്കാർ ഏറ്റെടുത്ത് സ്മാരകമാക്കിയപ്പോൾ, അതുകാണാൻ ടിക്കറ്റെടുത്ത് ക്യ്യൂ നിൽക്കുന്ന ഒരു ദയനീയ ദൃശ്യമുണ്ട്. അതുപോലെയാണ് ഈ കാഴ്ചയും.

കൈയിലുണ്ടായിരുന്ന സാധാരണ ഡിജിറ്റൽ ക്യാമറയിൽ പകർത്തിയതാണ് ചിത്രങ്ങൾ.ഒട്ടും നല്ല ചിത്രങ്ങൾ അല്ല. പക്ഷേ ഒരു ആശയം പങ്കുവയ്ക്കണമെന്ന് തോന്നി, അത്രമാത്രം.


Sunday 2 January, 2011

പ്രതിരൂപം

കണ്ണാടിയുടെ റെറ്റിനയിൽ
ചുവന്നുവിങ്ങിയ ഒരു മുഖം
സുഗന്ധതൈലങ്ങളാലും
നനുനനുത്തോരു പുഞ്ചിരിയാലും
ഭേദപ്പെട്ടുകിട്ടിയ
ഒരു മുഖാവരണമതിനുണ്ട്.

ചത്ത കണ്ണുകളുടെ സ്മാരകങ്ങളെ
ഞാൻ പൊതിഞ്ഞു സൂക്ഷിക്കും.
അഗാധവേദനകളെ
നിങ്ങൾക്കായി ഒരദൃശ്യ ശസ്ത്രക്രിയ.
പിന്നെ
ഉടഞ്ഞ കണ്ണാടിയിൽ നിന്നും
ഒരജ്ഞാത രൂപം ചിതറിവീഴുന്നു.

കൈത്തണ്ടയിൽ കൃത്യമായ ഋതുചക്രം.
എങ്കിലും അതിൽ എന്റെ വിലാപമില്ല.
ഭൂമിയുടെ കാല്പെരുമാറ്റം,
കടൽത്തിരയുടെ ചിലമ്പൊച്ച,
തെങ്ങിന്റെ നെറുകയിൽ നിന്നൊരു കാറ്റ്,
മലയിറങ്ങുന്ന നദിയും
കുയിലിന്റെ പാട്ടും
ഒന്നുമില്ലൊന്നുമില്ല.

പിന്നെന്റെ മുറിഞ്ഞ കൈത്തണ്ടയിൽ
വാർന്നൊലിക്കുന്ന രക്തവും
ഊർന്നുപോയ സമയവും.

ഭൂമിയുടെ ചൂടും ചൂരും
ആപൽക്കരമെന്ന് ഒരുവൻ.
മണ്ണിനെ തൊടുക,
മഴയേൽക്കുക
വെയിൽ കായുക
അങ്ങനെയൊന്നും പാടില്ല പാടില്ല.
വേടന്റെയമ്പിനു പെരുവിരൽ കാട്ടരുത്.
ഉയരത്തിൽ പാറണം.
ഭൂമിയുടെ പൊക്കിൾക്കൊടി മുറിക്കണം.

പിന്നെ
പാമ്പു കടിച്ചവന്റെ വിരലിലേക്ക്
നീലാകാശത്തിന്റെ വിരുന്ന്.

(കേരളകവിത തൊണ്ണൂറ്റിയെട്ട്)